അഡ്വാൻസ് നല്കി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തി: 45000 രൂപയും പലിശയും ചിലവും നൽകുവാൻ വിധി

20

അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരാക്കരയിലുള്ള ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ബി.ആർ.ഡി കാർ വേൾഡ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ, സെയിൽസ് ഓഫീസർ ദിവ്യ, ന്യൂ ഡെൽഹിയിലെ മാരുതി സുസുക്കി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ വിധിയുണ്ടായത്. ജോർജ് തട്ടിൽ കാർ വാങ്ങുവാനായി ബി.ആർ.ഡി കാർ വേൾഡിനെ സമീപിച്ചപ്പോൾ 45000 രൂപയുടെ കസ്റ്റമർ ഓഫർ വാഗ്ദാനം ചെയ്തിരുന്നു. ജോർജ് തട്ടിൽ 40000 രൂപ ബുക്കിംഗ് ചാർജ് നൽകി വാഹനം ബുക്ക് ചെയ്തു. തുടർന്ന് ബാക്കി തുകയുമായി കാർ ഡെലിവറി എടുക്കുവാൻ എത്തിയപ്പോൾ കാർ മറ്റൊരാൾക്ക് വില്പന നടത്തിയെന്ന് അറിയിക്കുകയായിരുന്നു. ബുക്കിംഗ് ചാർജ് 40000 രൂപ തിരിച്ചു നൽകിയെങ്കിലും കസ്റ്റമർ ഓഫർ 45000 രൂപ ജോർജിന് നഷ്ടപ്പെട്ടു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി .ടി സാബു മെമ്പർമാരായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷികളുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി ഹർജിക്കാരന് 45000 രൂപയും ആയതിന് ആറ് ശതമാനം പലിശയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Advertisement
Advertisement