അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

6

മുസ്ളീംലീഗ് നേതാവ് കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. രാവിലെ 9.45 ഓടെയാണ് കെ. എം ഷാജി കോഴിക്കോട് വിജിലൻസിന് മുന്നിൽ ഹാജരായത്. എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത്.
കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെയും സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും വിജിലൻസിന് മുമ്പാകെ ഷാജി സമർപ്പിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. റെയ്ഡിൽ കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമായിരുന്നു ഷാജി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ നാല് ദിവസമെത്തിയിട്ടും രേഖകൾ ഹാജരാക്കിയിരുന്നില്ല.