അന്വേഷണത്തിൽ പുതിയ ചരിത്രവുമായി തൃശൂർ പോലീസ്: പട്ടികജാതി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ 10 ദിവസം കൊണ്ട് അന്വേഷണും പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു

41

പട്ടിക ജാതിക്കാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസ്. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് തൃശൂർ സിറ്റി പോലീസിന് റിക്കോർഡ്.

Advertisement

പതിനാറ്കാരിയെ ലൈംഗിക പീഢനം നടത്തിയ കേസിൽ അതിവേഗ കുറ്റപത്രം സമർപ്പിച്ച് തൃശൂർ പോലീസ്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. ടൗൺ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അതിജീവിതയായ പെൺകുട്ടി പട്ടികജാതിക്കാരിയാണെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ, കേസിന്റെ തുടരന്വേഷണം തൃശൂർ എ.സി.പി. വി.കെ. രാജു ഏറ്റെടുത്ത് 10 ദിവസത്തിനകം കേസന്വേഷണം പൂർത്തിയാക്കി, റിക്കാർഡ് വേഗത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട്, ലൈഗിക കുറ്റകൃത്യത്തിന് ഇരയാക്കുകയായിരുന്നു. അറസ്റ്റുചെയ്യപ്പെട്ട പ്രതി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് അതിവേഗത്തിൽ അന്വേഷണം നടത്തുകയും, തെളിവുകളും, കേസിലേക്കാസ്പദമായ മുഴുവൻ രേഖകളും, കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചതുവഴി, പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതാകും. മാത്രവുമല്ല, അതിജീവിതയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ, കോടതിയിൽ വിചാരണ വേഗത്തിൽ ആരംഭിക്കുന്നതിനും സാധ്യമാകും.

അന്വേഷണ ഉദ്യോഗസ്ഥരായ തൃശൂർ എ.സി.പി. വി.കെ. രാജു, ടൗൺ വെസ്റ്റ് എസ്.ഐ. കെ.സി. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ് രാമചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Advertisement