അഭിഭാഷകനെ ഓഫീസിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം തള്ളി: ആക്രമണത്തിൽ ദുരൂഹതയുണ്ടെന്ന് വാദം

75

അഭിഭാഷകനെ ഓഫീസിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം തള്ളി
തൃശൂരിൽ അഭിഭാഷകനെ ഓഫീസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം കോടതി തള്ളി. ചാലക്കുടി സ്വദേശി ചള്ളി (ചള്ളിയിൽ) വീട്ടിൽ രാധാകൃഷ്ണന്റെ (രാധൻ) ജാമ്യമാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. ഇക്കഴിഞ്ഞ ജൂലായ് രണ്ടിനാണ് അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെ അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തി ആക്രമണമുണ്ടായത്. ഓഫീസിൽ സുരേഷ് ബാബുവിനെ കൂടാതെ ജൂനിയർ അഭിഭാഷകരും ഉള്ള സമയത്തായിരുന്നു ആക്രമണം. ഓഫീസിലേക്ക് അതിവേഗത്തിലേക്ക് ഓടിയെത്തിയ അക്രമി, കയ്യിൽ കരുതിയ പെട്രോൾ സുരേഷ്ബാബുവിൻറെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുന്നതിനിടെ ലൈറ്റർ കയ്യിൽ നിന്നും പോയതാണ് അപകടമൊഴിവാകാൻ കാരണം. ഇയാളെ പിടികൂടിയെങ്കിലും ഇവരെ തട്ടിയകറ്റി രക്ഷപ്പെട്ടു. ദേഹത്ത് പെട്രോളുമായി സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സുരേഷ് ബാബു പൊലീസിന് മൊഴി നൽകിയത്. എന്നാൽ കേസെടുക്കാനും പ്രതിയുടെ അറസ്റ്റിലേക്കും കടക്കുന്നത് പൊലീസ് വൈകിപ്പിച്ചതിനെ തുടർന്ന് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കേണ്ടതുണ്ടെന്നുമുള്ള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.