അയ്യന്തോളില്‍ മീഡിയേഷന്‍ സെന്ററിന് മുന്നില്‍ ഭാര്യയേയും ഭാര്യാ പിതാവിനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവിന് 12 വർഷം കഠിന തടവും 1.60 ലക്ഷം പിഴയടക്കാനും ശിക്ഷ

18

അയ്യന്തോളില്‍ മീഡിയേഷന്‍ സെന്ററിന് മുന്നില്‍ ഭാര്യയേയും ഭാര്യാ പിതാവിനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവിനെ ശിക്ഷിച്ചു. 12 വര്‍ഷം കഠിനതടവും 1.60 ലക്ഷം പിഴയുമടക്കാനുമാണ് ശിക്ഷ. പുത്തന്‍ചിറ ചെങ്ങനാത്ത് വീട്ടില്‍ ഷനിലിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

Advertisement

മീഡീയേഷനു വന്ന ഭാര്യയെയും, ഭാര്യാപിതാവിനെയും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസ്ഃ
പ്രതിക്ക് 12 വര്‍ഷം കഠിനതടവും, 1,60,000രൂപ പിഴയും ശിക്ഷ

2015 ഡിസംബര്‍ 29ന് ഉച്ചക്ക് 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചൂലിശ്ശേരി വീട്ടില്‍ കരേരക്കാട്ടില്‍ വേണുഗോപാല്‍ (60), മകള്‍ അനഘ (34) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കു പറ്റിയത്. വിദേശത്തായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. വിവാഹശേഷം പ്രതിയും, മാതാപിതാക്കളും ചേര്‍ന്ന് അനഘക്കു നേരെ സ്ത്രീധനമാവശ്യപ്പെട്ട് ക്രൂരമായ പീഢനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് അനഘയും, കുഞ്ഞും പിതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് വിവാഹബന്ധം പുനഃസ്ഥാപിക്കുന്നതിന് ഷനില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കുടുംബകോടതി മീഡിയേഷന് വിടുകയായിരുന്നു. അതുപ്രകാരം മീഡിയേഷനു വേണ്ടിയാണ് വേണുഗോപാലും, മകള്‍ അനഘയും അയ്യന്തോള്‍ സിവില്‍സ്റ്റേഷനടുത്തുള്ള ജില്ലാ മീഡിയേഷന്‍ സെന്ററില്‍ എത്തിയത്. ഇരുവരെയും കൊലപ്പെടുത്തണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തീരുമാനിച്ച പ്രകാരം ഷനില്‍ ബാഗില്‍ ഒളിപ്പിച്ചുവെച്ച വെട്ടുകത്തിയുമായി സ്ഥലത്തെത്തുകയായിരുന്നു. അതു കൂടാതെ ആരെങ്കിലും തടസ്സം നില്‍ക്കുകയാണെങ്കില്‍ അവരെ ഉപദ്രവിക്കുന്നതിന് മണലും, മുളകു പൊടിയും മിക്സ് ചെയ്ത് കൈവശം വെച്ചിരുന്നു. തുടര്‍ന്ന് പ്രതി അനഘയുമായി തര്‍ക്കിക്കുകയും, അതിനെത്തുടര്‍ന്ന് ബാഗില്‍ ഒളിപ്പിച്ചുവെച്ച വെട്ടുകത്തിയെടുത്ത് അനഘയുടെ മുടിയില്‍‍ കുത്തിപ്പിടിച്ച് തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ച വേണുഗോപാലിനെയും മാരകമായി വെട്ടിപരിക്കേല്പിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച ഇരുവരെയും പെട്ടിഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് തൊട്ടടുത്തുള്ള വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയെങ്കിലും പ്രതി അപ്പോഴേക്കും ബൈക്കില്‍ പാലക്കാടേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പാലക്കാട് കെ.എസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രതി കത്തിയും, ഷര്‍ട്ടും ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെക്കുകയും ബസ്സില്‍ കയറി ചെന്നൈയിലും, പൊള്ളാച്ചിയിലുമായി ഒളിച്ചു താമസിക്കുകയുമായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ലൊക്കേഷന് സൈബര്‍ സെല്‍ മുഖേനെ നീരീക്ഷിച്ചു കൊണ്ടിരുന്ന പോലീസ് 2016 ജനവരി 1ന് വൈകീട്ട് പ്രതി ചാലക്കുടിയിലെത്തിയെന്നറിഞ്ഞ് കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.‍ടൗണ്‍ വെസ്റ്റ് സബ് ഇന്‍സ്പെക്ടറായിരുന്ന പി.യു. സേതുമാധവനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ തുടരന്വേഷണം നടത്തി പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്ത സംഘത്തില്‍ ടൗണ്‍ വെസ്റ്റ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ആയ ടി.ആര്‍. രാജേഷ്, ജി.എ.എസ്.ഐ ആയ രാജീവ് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പാലക്കാട് ഡി.വൈ.എസ്. പിയായ വി.കെ. രാജുവാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ സമയം ഏയ്ഡ് പ്രോസിക്യൂഷന്‍ ചുമതല നിര്‍വ്വഹിച്ചത് ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ സി.പി.ഒ. ആയ സംഗീത് എം.ഡി. ആയിരുന്നു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 23 തൊണ്ടിമുതലുകളും, 25 രേഖകളും ഹാജരാക്കുകയും, 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ പീഢിപ്പിക്കുകയും, അതുസംബന്ധിച്ച് മീഡിയേഷന്‍ സെന്ററില്‍ മീഡീയേഷന് വന്നപ്പോള്‍ കൊലപ്പെടുത്താന്‍ കൃത്യമായി ആസൂത്രണം ചെയ്ത് ആയുധവും, മുളകുപൊടിയുമായി സ്ഥലത്ത് വരികയും, തുടര്‍ന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഭാര്യയെയും, ഭാര്യാപിതാവിനെയും ക്രൂരമായി വെട്ടി മാരകമായി പരിക്കേല്പിക്കുകയും ചെയ്ത പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും, സമൂഹത്തിന് മാതൃകയാകും വിധം പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ഇപ്രകാരം കടുത്ത ശിക്ഷ വിധിച്ചത്.

Advertisement