അവിണിശേരി ഖാദി അസോസിയേഷൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്: റിട്ടേണിങ് ഓഫീസറായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ; സൊസൈറ്റി ഭരണം ഹൈകോടതി നിർദേശപ്രകാരം ഖാദി ബോർഡ് നിയന്ത്രണത്തിലാക്കി

92

അവിണിശേരി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ റിട്ടേണിങ് ഓഫീസറായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി. തൃശൂർ ബാറിലെ അഭിഭാഷകനും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കുന്നംകുളം ഏറത്ത് വീട്ടിൽ അഡ്വ.ശ്യാംകുമാറിനെ (37) ആണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ മകളും ഡി.സി.സി സെക്രട്ടറി കൂടിയായ സി.ബി ഗീത പ്രസിഡണ്ടായുള്ളതാണ് ഭരണസമിതി. കോൺഗ്രസിന് മാത്രം വോട്ടുള്ള അസോസിയേഷനിൽ ഇക്കഴിഞ്ഞ ജൂലായ് 31നായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസറായിരുന്നു ശ്യാംകുമാർ. വോട്ടു നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ച ബാലറ്റ് ബോക്സിൽ കൃത്രിമ അറ ഉണ്ടാക്കിയായിരുന്നു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നതിനിടെ ബാലറ്റുകൾ ബോക്സിൽ നിന്നും എടുത്ത ശേഷവും ബോക്സിന്റെ അടിത്തട്ടിൽ ഒരു ബാലറ്റ് പുറത്തേക്ക് കാണുന്ന നിലയിൽ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് വിശദമായ പരിശോധനയിൽ ബോക്സിനുള്ളിൽ അടിയിലായി കൃത്രിമ അറ നിർമ്മിച്ചതായും അതിനുള്ളിൽ വോട്ടെടുപ്പിനു മുമ്പേ തന്നെ വോട്ട് ചെയ്ത ബാലറ്റുകൾ നിക്ഷേപിച്ചതായും കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ട് പാനലുകളിലായി കടുത്ത മത്സരം നടന്ന സൊസൈറ്റിയിൽ സംഘർഷമുണ്ടാവുകയും പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയുമായിരുന്നു. സൊസൈറ്റിയുടെ നിലവിലുണ്ടായിരുന്ന സെക്രട്ടറിയായ കേശവന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നെടുപുഴ പൊലീസ്, നടത്തിയ അന്വേഷണത്തിലാണ് റിട്ടേണിംഗ് ഓഫീസറായ അഡ്വക്കേറ്റ് ശ്യാം കുമാറിന്റെ അറിവോടെയാണ് എതിർ പാനലിൽ ഉള്ളവർ ബാലറ്റ് ബോക്സിൽ കൃത്രിമം നടത്തിയതായി ബോധ്യപ്പെട്ടത്. മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടറായ പൗലോസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ബാലസുബ്രഹ്മണ്യൻ, രാംകുമാർ എന്നിവരും ഉണ്ടായിരുന്നു. കേസിൽ മറ്റു പ്രതികൾ കൂടി അറസ്റ്റിലാകാൻ ബാക്കിയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സൊസൈറ്റിയുടെ ഭരണം ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അസിസ്റ്റൻറ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ്.

Advertisement
Advertisement