ഇസ്രായേൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശിയുടെ ഒമ്പത് ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

17

ഇസ്രയേലില്‍ ജോലിക്കായി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം തട്ടിയെടുത്ത കേസില്‍ 2-ാം പ്രതിയായ ആലപ്പുഴ ചേര്‍ത്തല കടക്കരപ്പിള്ളി തൈക്കല്‍ പനയ്ക്കല്‍ വീട്ടില്‍ വിദ്യയുടെ (32) ജാമ്യാപേക്ഷ തൃശൂര്‍ വെക്കേഷന്‍ കോടതി ജഡ്ജ് എസ്. ഭാരതി തള്ളി ഉത്തരവായി.

2018 ജൂലായ് മാസത്തിനും, 2019 ജൂണിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയായ പരാതിക്കാരനും, ഭാര്യക്കും ഇസ്രയേലില്‍ ജോലിക്കായി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കേസിലെ ഒന്നാം പ്രതിയായ സിനി എന്നവര്‍ 2-ാം പ്രതിയായ വിദ്യയെ പരാതിക്കാരനും, ഭാര്യക്കും പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. തുടര്‍ന്ന് പല തവണകളിലായി പണമായും, ചെക്കായും 9 ലക്ഷം രൂപ പ്രതികള്‍ക്ക് നല്‍കുകയായിരുന്നു. പണം നല്‍കിയെങ്കിലും പ്രതികള്‍ വിസ നല്‍കുകയോ, തുക തിരിച്ചു നല്‍കുകയോ ചെയ്യാതെ പരാതിക്കാരനെ ചതിക്കുകയായിരുന്നു. കേസില്‍ ആകെ 4 പ്രതികളാണ് ഉള്ളത്. പരാതിയില്‍ അന്വേഷണം നടത്തി മാര്‍ച്ച് 24 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ജുഢീഷ്യല്‍ കസ്റ്റഡിയിലാണ്.

പ്രതികളുടെ പേരില്‍ വിസതട്ടിപ്പിന് വേറെയും കേസുകളുണ്ടെന്നും, കേസന്വേഷണം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം തള്ളി ഉത്തരവായത്.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.