ഇ ബുൾജെറ്റ് സഹോദരങ്ങളുടെ കാരവൻ രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി

23

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മോടി പിടിപ്പിക്കലില്‍ വിവാദമായ ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കി. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.

വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. നിലവില്‍ ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വാഹനം സ്‌റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും.

താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല.