എറണാകുളത്ത് ക്വാറികളിൽ ആദായനികുതിവകുപ്പിന്റെ പരിശോധന: 250 കോടിയുടെ നികുതിവെട്ടിപ്പും കള്ളപ്പണ ഇടപാടും കണ്ടെത്തി മുൻ മന്ത്രി ടി.യു കുരുവിളക്കും ഐ.എൻ.ടി.യു.സി നേതാവ് പി.ടി.പോളിനും ബന്ധമെന്നും കണ്ടെത്തൽ

26

എറണാകുളം കോട്ടയം ജില്ലകളിലെ നാല് ക്വാറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും കണ്ടെത്തി. റെയ്ഡിനിടെ കള്ളപ്പണ കണക്കുകള്‍ സൂക്ഷിച്ച പെന്‍ഡ്രൈവുകള്‍ ടോയ്‌ലെറ്റിലും കാട്ടിലുമെറിഞ്ഞ് നശിപ്പിക്കാനും ശ്രമം നടന്നു. മുന്‍ മന്ത്രി ടി.യു കുരുവിളയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ഐ.എന്‍.ടി.യു.സി നേതാവ്‌ പി.ടി പോള്‍ എന്നിവര്‍ക്കും ക്വാറി ഉടമകളുമായി വന്‍ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

Advertisement

നാല് ക്വാറികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയാണ്. 250 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കള്ളപ്പണ-ബിനാമി ഇടപാടുകളും വലിയ നിക്ഷേപങ്ങളുമാണ് റെയ്ഡില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്‌സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്‌സ്, നെടുങ്കുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സ്, കോതമംഗലത്തെ റോയി തണ്ണിക്കോട് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

റെയ്ഡിനിടെ കണക്കുകള്‍ സൂക്ഷിച്ച പെന്‍ഡ്രൈവുകള്‍ ക്വാറി ജീവനക്കാര്‍ നശിപ്പിക്കാനും ശ്രമിച്ചു. ഇലഞ്ഞിയിലുള്ള ലക്ഷ്വറി ഗ്രാനൈറ്റിന്റെ ക്വാറിയില്‍ നിന്നാണ് അവരുടെ കണക്കുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് കാട്ടിലേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചത്. ഇത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രയാസപ്പെട്ട് കണ്ടെടുത്തു. റോയല്‍ ഗ്രാനൈറ്റ്‌സിലും സമാനമായ സംഭവമുണ്ടായി. ഇവരുടെ കണക്കുകള്‍ ടോയ്‌ലെറ്റിലേക്ക് എറിഞ്ഞുകളയാനാണ് ശ്രമം നടന്നത്. ഇവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ടോറസ് ലോറിയില്‍ പ്രത്യക അറയുണ്ടാക്കിയാണ് ഇവര്‍ കണക്കില്‍പ്പെടാത്ത പണവും മറ്റും സൂക്ഷിച്ചിരുന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ഉദ്യോഗസ്ഥര്‍ പണമായി കണ്ടെത്തിയത്.

ഈ ക്വാറികളുടെ രാഷ്ട്രീയ ബന്ധവും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അംഗമാലിയിലെ കോണ്‍ഗ്രസ് നേതാവായ പി.ടി. പോള്‍, മൂവാറ്റുപഴയിലെ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള എന്നിവരും ക്വാറി ഉടമകളുമായുള്ള വന്‍ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Advertisement