എ.കെ.ജി. സെന്റർ ആക്രമണക്കേസ്: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ; ആസൂത്രണം നടത്തി നടപ്പിലാക്കിയ പദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്

4

എ.കെ.ജി. സെന്റർ ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ പതിന്നാല് ദിവത്തേക്ക് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ വെള്ളിയാഴ്ച രാവിലെ വീണ്ടും പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം പ്രതിയുടെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച പരിഗണിക്കും.
പ്രതിയിൽ നിന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചു? സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണോ? ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിൽ ഐ.പി.സി. സെക്ഷൻ 120 ബി, 436, 3എ, 5എ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൊബൈൽ ടവർ ലൊക്കേഷൻ, ഷൂസ്, വസ്ത്രം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. പ്രതി ധരിച്ചിരുന്നത് മാക്സിന്റെ ഷർട്ടായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് പട്ടത്തെ ഷോറൂമിൽ ചെന്ന് പോലീസ് സിസിടിവി അടക്കം പരിശോധിച്ചു. ഇതേ വസ്ത്രം ധരിച്ച് പ്രതി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും അന്വേഷണ വിധേയമാക്കി. അക്രമണം നടത്തിയ ശേഷം കാറിലായിരുന്നു പ്രതി രക്ഷപ്പെട്ടത്. കാറിനേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

Advertisement
Advertisement