ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കും: ജസ്റ്റിസ് ഡി.കെ ജെയിൻ സമിതിയുടെ റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറി; മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സുപ്രിംകോടതി

8

ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കും. ജസ്റ്റിസ് ഡികെ ജെയിൻ സമിതിയുടെ റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം സി.ബി.ഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടര വർഷം നീണ്ട സിറ്റിങുകൾക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡി.കെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം സുപ്രിംകോടതി ഇന്ന് പുറത്തുവിടുമോയെന്ന് കാത്തിരുന്നെങ്കിലും പ്രസിദ്ധീകരിക്കരുതെന്നും പുറത്ത് വിടരുതെന്നും കോടതി തന്നെ വ്യക്തമാക്കി. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോർട്ട് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുൻകൂറായി തന്നെ സോളിസിറ്റർ ജനറൽ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുൻ ഡി.ജി.പി സിബി മാത്യൂസ്, റിട്ട. എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ. സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണെന്ന് നമ്പി നാരായണൻ പ്രതികരിച്ചു.