ഒ.ബി.സി മോർച്ച നേതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം: ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് റിഷിപൽപ്പു

106

ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും കൊടകര കുഴൽപ്പണക്കേസിൽ ആരോപണവിധേയനുമായ കെ.ആർ.ഹരിക്കെതിരെ പോലീസ് കേസെടുത്തു. കുഴൽപ്പണക്കേസിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച് റിഷി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഇതേ തുടർന്നായിരുന്നു ഭീഷണി. വെസ്റ്റ് പോലീസിന് പരാതി നൽകിയതിലാണ് ഇപ്പോൾ കേസെടുത്തത്. വധഭീഷണിമുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്. പരാതി നൽകിയതിന് പിന്നാലെ റിഷിയെ സസ്പെൻഡ് െചയ്തതായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് െക.സുരേന്ദ്രൻ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി റിഷി പൽപ്പു വീണ്ടും രംഗത്തെത്തി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും റിഷി പൽപ്പു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം അറിയിച്ചത്. കുഴല്‍പ്പണ വിവാദത്തില്‍ അണികളെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ ബി.ജെ.പി ജില്ലാ നേതൃത്വം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് റിഷി ആരോപിച്ചു. സംസ്ഥാന അധ്യക്ഷന്‍ തന്നെ വിളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്ന് ചോദിച്ചു. താന്‍ ഇട്ടുവെന്ന് മറുപടി നല്‍കി. നിങ്ങളെ ചുമതലയില്‍ നിന്നുമാറ്റുന്നതായാണ് അദ്ദേഹം പറഞ്ഞത്. മറ്റൊന്നും പറഞ്ഞില്ല. നോട്ടീസ് നല്‍കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ലെന്നും റിഷി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ വികാരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും റിഷി കുറ്റപ്പെടുത്തി.