കാർ വാടകക്കെടുത്ത് മുങ്ങുന്ന വിരുതൻ കെണിയിലായി; മതിലകം സ്വദേശിയെ തൃശൂർ പോലീസ് പിടികൂടി

237

ആശുപത്രിയാവശ്യത്തിന് ഉപയോഗിക്കാൻ രണ്ട് ദിവസത്തേക്കെന്ന പേരിൽ കാർ വാടകക്കെടുത്ത് മുങ്ങിയ പ്രതിയെ തൃശൂർ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി സഗീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ചിറമനേങ്ങാട് സ്വദേശിയായ ഷെഹിലിൻെറ കയ്യിൽ നിന്നും അത്യാവശ്യമായി ഒരു ഹോസ്പിറ്റൽ ആവശ്യത്തിനാണെന്നും രണ്ടു ദിവസം കഴിഞ്ഞ് കൊണ്ടുവരാം എന്നും പറഞ്ഞ് രഞ്ജിത് എന്നയാളാണ് ഓട്ടോമാറ്റിക് സ്വിഫിറ്റ്കാർ വാടകയ്ക്ക് എടുത്തത്.
കാർ തിരിച്ചുകിട്ടാതെ പലവട്ടം വിളിച്ചിട്ടും ഫലമില്ലാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ഷെഹിൻ എരുമപ്പെട്ടി പോലീസിൽ പരാതിപെടുകയായിരുന്നു. പിന്നീട് രഞ്ജിത്തിനെ കണ്ടെത്തുകയും രഞ്ജിത്ത് മതിലകത്തുള്ള സഗീർ, ജിനാസ് എന്നിവർക്ക് കാർ പണയം വച്ചെന്നും പറഞ്ഞു.
പോലീസിൻെറ വിശദമായ അന്വേഷണത്തിലാണ് സഗീറിൻെറ നേതൃത്വത്തിലുള്ള ഷജാസ്, തംസ് എന്നിവരുംകൂടി ഉൾപ്പെട്ട അഞ്ചംഗ തട്ടിപ്പുസംഘത്തിൻെറ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞത്. സംഘത്തിലെ മുഖ്യ സൂത്രധാരനായ സഗീർ മതിലകത്ത് ഉണ്ടെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രതിയായ സഗീറിനെ മതിലകത്തു നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.
സഗീറിൻെറ പേരിൽ കുന്നംകുളം, മതിലകം, തൃശൂർ വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ട്. മറ്റു പ്രതികൾക്കുള്ള തിരച്ചൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഇൻസ്പെക്ടർ കെ. കെ. ഭൂപേഷ്, അറിയിച്ചു.
സബ് ഇൻസ്പെക്ടർമാരായ കെ. അബ്ദുൾ ഹക്കീം, സി. എ. സനിൽകുമാർ, എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, തോമസ്, ഷെഫീക്, അഭിനന്ദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.