കുട്ടനെല്ലൂരിൽ ലോറി തടഞ്ഞ് നിര്‍ത്തി 94 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

15

ദേശീയപാത കുട്ടനെല്ലൂരിൽ പച്ചക്കറിയുമായി വന്ന ലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷം രൂപ കൊളളയടിച്ച്, ഡ്രൈവറെയും, യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ കണ്ണൂര്‍ ചിറയ്ക്കല്‍ വില്ലേജ് പുതിയ തെരുവില്‍ നായക്കര്‍ നാടുകണ്ടി വീട്ടില്‍ മുബാറക്ക്(27), മൂക്കന്നൂര്‍ വലിയോലിപറമ്പില്‍ സതീഷ് (30) എന്നിവരുടെ ജാമ്യാപേക്ഷതൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ തള്ളി. 2021 മാര്‍ച്ച് 22ന് പുലര്‍ച്ചെ മൂന്നിന് കുട്ടനെല്ലൂരില്‍ വെച്ചാണ് സംഭവം. സ്ഥിരം ക്രിമിനലുകളായ കേസിലെ പ്രതികള്‍ ഇന്നോവ കാറില്‍ വന്ന് ലോറി തടഞ്ഞ് ലോറിക്കുള്ളില്‍ സൂക്ഷിച്ച 94 ലക്ഷം രൂപ തട്ടിയെടുക്കുകയും, ലോറി ഡ്രൈവറെയും, സഹായിയെയും കാറില്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സഹായിയുടെ മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിച്ചിരുന്നു. നാഷണല്‍ ഹൈവേ കേന്ദ്രീകരിച്ച് ലോറിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. പരാതിയെത്തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 11 പ്രതികളുണ്ട്. 8 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ പ്രതികള്‍ ജയിലില്‍ കഴിഞ്ഞു വരികയാണ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും, 94 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളെല്ലാം വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. കേസന്വേഷണം പ്രാഥമികദിശയിലാണെന്നും, കേസില്‍ ഒളിവിലായ മറ്റു പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.