കുന്നംകുളത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമവും അസഭ്യവ‍ര്‍ഷവും; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

29

കുന്നംകുളത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമവും അസഭ്യവ‍ര്‍ഷവും. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് യുവതിക്കും ഓട്ടോറിക്ഷാ ഡ്രൈവ‍ര്‍ക്കുമെതിരെ അതിക്രമം നടത്തിയത്.  കുന്നംകുളം കല്ലുംപുറത്ത് സദാചാര ആക്രമണം നടന്നത്. യുവതിക്ക് നേരെയുള്ള അതിക്രമം ചോദ്യം ചെയ്തപ്പോൾ ആണ് ഓട്ടോ ഡ്രൈവ‍ര്‍ക്ക് മര്‍ദ്ദനമേറ്റത്. അക്രമം നടത്തിയ പ്രതികൾ യുവതിയുടെ മൊബൈൽ ഫോണും കവ‍ര്‍ന്നെടുത്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത കുന്നംകുളം പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കുന്നംകുളം സ്വദേശി  റൗഷാദ്, നിഖിൽ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അതിക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ യുവതിക്കൊപ്പം ഇരുത്തി യുവാക്കൾ ഫോട്ടോ എടുത്തതായി പരാതിയിൽ പറയുന്നു. തുട‍ര്‍ന്ന് രണ്ട് പേരുടേയും മൊബൈൽ ഫോണുകളും ഇവ‍ര്‍ കവര്‍ന്നു. ആഗസ്റ്റ് 26ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.  ഒറ്റപ്പാലത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു യുവതി. യാത്രാമധ്യേ കല്ലുംപുറം എന്ന സ്ഥലത്ത് വച്ച് ഓട്ടോ ഡ്രൈവര്‍ ഫോണിൽ കോൾ വന്നതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തി സംസാരിച്ചു. ഈ സമയം ഇതിലൂടെ ബൈക്കിൽ കടന്നു പോയ രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ അരികിലെത്തി യുവതിയെ അസഭ്യം പറയുകയും ഓട്ടോയിൽ കയറി യുവതിയെ ലൈംഗീകമായി അതിക്രമിക്കുകയും ചെയ്തു.  ഇതു തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറേയും രണ്ടും പേരും മര്‍ദ്ദിച്ചു. യുവതിയേയും ഓട്ടോഡ്രൈവറേയും ഒന്നിച്ചിരുത്തി ഫോട്ടയെടുത്ത ശേഷം ഇവരുടെ മൊബൈൽ ഫോണുകൾ കൂടി തട്ടിയെടുത്ത് പ്രതികൾ സ്ഥലം വിട്ടു. അക്രമത്തിന് ഇരയായ യുവതിയും ഓട്ടോഡ്രൈവറും പിന്നീട് കുന്നംകുളം സ്റ്റേഷനിലെത്തി പരാതി നൽകി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതികൾ പിടിയിലായത്. പിടിയിലായ നൗഷാദ് നേരത്തേയുംഅടിപിടി കേസുകളിലടക്കം പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement