കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ; ചോദ്യം ചെയ്യലിൽ അറിഞ്ഞത് ഭാര്യയുടെ ബിസിനസ് തകർക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെ കുറിച്ച്

35

മോഷണം പതിവാക്കിയ കുപ്രസിദ്ധ കുറ്റവാളി പിടിയിലായപ്പോൾ ചോദ്യം ചെയ്യലിൽ അറിഞ്ഞത് വൻ ഗൂഢാലോചന. വാടാനപ്പിള്ളി രായമരക്കാർ വീട്ടിൽ സുഹൈൽ (44) എന്ന ഓട്ടോ സുഹൈൽ ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടിൽ ഷമീർ (32) ജയിലിലാണ്. ഇക്കഴിഞ്ഞ ആഗസ്ത് 28ന് ചിറ്റാട്ടുകര സെന്റ്. സെബാസ്റ്റ്യൻസ് സ്കൂളിൽ കവർച്ച നടത്തിയ കേസിലാണ് സുഹൈൽ അറസ്റ്റിലായത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മോഷ്ടാവ് ഉപയോഗിച്ചതായി കണ്ടെത്തിയ ബൈക്ക് ആണ് നിർണായകമായത്. ഈ ബൈക്ക് ഉപയോഗിച്ച് പാലക്കാട് കൊഴിഞ്ഞമ്പാറയിലും മോഷണം നടത്തിയതായി കണ്ടെത്തി. ഈ കേസിൽ ജയിലിൽ കഴിയുന്ന ഷമീറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ചിറ്റാട്ടുകരയിൽ മോഷണം നടത്തിയ സുഹൈലിനെ കുറിച്ച് അറിഞ്ഞത്. സുഹൈലിനെ ചോദ്യം ചെയ്തതിൽ നിരവധി കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാലക്കാട് ചിറ്റൂരിൽ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭർത്താവ് ഒരു കേസിൽപെട്ട് ജയിലിൽ കഴിയവേ, സുഹൈലും ജയിലിൽ അന്തേവാസിയായിരുന്നു. അവിടെ വെച്ച് അയാളുമായി പരിചയത്തിലായ സുഹൈലിനോട് തന്റെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് എങ്ങിനെയങ്കിലും തകർക്കണമെന്ന് പറഞ്ഞ് ക്വട്ടേഷൻ നൽകുകയും, ക്വട്ടേഷൻ ഏറ്റെടുത്ത സുഹൈൽ, ജയിലിൽ നിന്നും ഇറങ്ങിയശേഷം, ക്വട്ടേഷൻ നൽകിയയാളുടെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് സ്ഥാപനത്തിൽ കയറി, സുപ്രധാന രേഖകൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പെൻഡ്രൈവുകൾ, തുടങ്ങിയ മോഷ്ടിച്ച് രക്ഷപ്പെട്ടതിൽ ഇതുവരെയും പിടികൂടാനായിരുന്നില്ല. ഈ കേസിലേക്ക് ഇയാളെ ചിറ്റൂർ പൊലീസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. 2021 ഡിസംബർ മാസത്തിൽ പാവറട്ടി മുല്ലശേരി പെട്രോൾ പമ്പിൽ നിന്നും 25000 രൂപയും പാലക്കാട് ചിറ്റൂർ അരങ്ങുപള്ളം എന്ന സ്ഥലത്ത് അടഞ്ഞു കിടന്നിരുന്ന വീട്ടിലും, പോസ്റ്റ് ഓഫീസിലും, കുഴൽമന്ദം കണ്ണന്നൂർ സ്കൂളിൽ നിന്നും ലാപ്പ്ടോപ്പുകളും അന്തിക്കാട് കണ്ടശാംകടവിൽ നിന്നും ഒരു മൊട്ടോർ സൈക്കിളും, മലപ്പുറം എടപ്പാൾ അംശക്കച്ചേരി പോസ്റ്റ് ഓഫീസിലും മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പൊന്നാനിയിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. സുഹൈലിനെ റിമാൻഡ് ചെയ്തു.

Advertisement
Advertisement