കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ കസ്റ്റഡിയിലുള്ള സി.പി.എം പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി: മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമെന്ന് പോലീസ്

4
4 / 100

കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ കസ്റ്റഡിയിലുള്ള സി.പി.എം പ്രാദേശിക പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഷിനോസിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്ന് ഷിനോസ് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് മുഹ്‌സിന്റെ സഹോദരൻ മൻസൂർ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യമെന്നും ഷിനോസ് പോലീസിന് മൊഴി നൽകി. വോട്ടെടുപ്പ് ദിനത്തിൽ രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.