കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിന് നേരെയുണ്ടായത് ക്രൂരമായ ബലാൽസംഗം: ആസൂത്രിതമാണോയെന്ന് പരിശോധിക്കുന്നുവെന്ന് പോലീസ്; സംഭവം ആശങ്കപ്പെടുന്നുത്തുന്നുവെന്ന് വനിതാ കമ്മീഷൻ

31

കൊച്ചിയിൽ ഓടുന്ന കാറില്‍ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ(ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
19 വയസ്സുള്ള മോഡലാണ് ബലാത്സംഗത്തിനിരയാത്. ഡി.ജെ. പാര്‍ട്ടി എന്നുപറഞ്ഞാണ് യുവതിയെ ബാറില്‍ കൊണ്ടുവന്നത്. എല്ലാവരും അവിടെവെച്ച് മദ്യപിച്ചു. തുടര്‍ന്ന് കാറില്‍ കയറ്റികൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം ആസൂത്രിതമാണോ എന്നത് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയും മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. അങ്ങനെയാണ് ഇരുവരും തമ്മില്‍ പരിചയം. രാജസ്ഥാന്‍ സ്വദേശിനിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പൊടി കലര്‍ത്തി നല്‍കി എന്നതടക്കമുള്ള മൊഴികള്‍ സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനായി രക്തസാമ്പിളുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും യുവതി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു.സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു.

Advertisement
Advertisement