കൊച്ചിയിൽ ഫ്ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ: പിടികൂടിയത് മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്ന്; കുടുങ്ങിയത് ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിൽ

29

കൊച്ചിയിൽ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിൽ (26) പിടിയിലായി. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടൂർ അയ്യൻകുന്ന്‌ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത്. ഭാഗത്തെ ഒരു ചതുപ്പുപ്രദേശത്ത് ഒളിവിൽ കഴിഞ്ഞ വനത്തിനുള്ളിൽ നിന്നും രാത്രി എട്ടരയോടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് ഒളിവിൽ കഴിഞ്ഞത്. ഇയാളെ ഒളിവിൽ കഴിയുന്നതിന് സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, സുഹൃത്ത് ശ്രീരാഗ് ബന്ധു കൂടിയായ ജോണ്‍ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒടുവിൽ പിടിയിലായത്. കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇയാള്‍ തൃശൂരില്‍ എത്തിയ ബി.എം.ഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ടിന് രാവിലെ നാലിനാണ് ഇയാള്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് തൃശൂരിലേക്ക് വന്നത്. കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വീടിന് സമീപത്തെ പ്രദേശങ്ങളിലായി തന്നെ ഇയാൾ ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിൽ മേഖല പൊലീസ് നിരീക്ഷണത്തിലാക്കുകയും ഇയാളുടെ വീട്ടില്‍ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചതാണ് പരാതി. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ പിടികൂടാത്തതിന് പൊലീസ് കടുത്ത വിമർശനം നേരിട്ടിരുന്നു.