കൊടകര കുഴൽപ്പണക്കവർച്ച: ബി.ജെ.പി നേതൃത്വം കുരുക്കിലേക്ക്: മൂന്നരക്കോടിയെത്തിയത് കർണാടകയിലെ ബി.ജെ.പി കേന്ദ്രത്തിൽ നിന്ന്; ആലപ്പുഴ സ്വദേശിക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്ന് ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജിന്റെയും യുവമോർച്ച നേതാവ് സുനിൽനായിക്കിന്റെയും മൊഴി, ബി.ജെ.പി സംഘടനാ സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായില്ല, ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കൾ രാത്രിയിൽ കോൺഫറൻസ് കോളിൽ ചർച്ച നടത്തിയതും അന്വേഷണ സംഘത്തിന്

162

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടി. കൊടകരയിൽ കവർച്ച നടത്തിയ മൂന്നരക്കോടി കർണ്ണാടകത്തിലെ ബി.ജെ.പി കേന്ദ്രത്തിൽ നിന്നുമാണ് കൊണ്ടു വന്നതെന്നും ആലപ്പുഴ സ്വദേശി കർത്തയ്ക്ക് കൈമാറാനാണ് അറിയിച്ചിരുന്നതെന്നും ഇടപാടിന് ഇടനില നിന്ന ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് എന്നിവരിൽ നിന്നാണ് പോലീസിന് ഈ മൊഴി കിട്ടിയത്. കർത്ത ആർക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കർത്ത ആരെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്യാൻ ഉടനെ നോട്ടീസ് നൽകും. അതേസമയം കൊടകര കുഴൽപ്പണ കവർച്ചാകേസിൽ അന്വേഷണസംഘത്തിന് മുൻപാകെ ബി.ജെ.പി സംസ്ഥാന നേതാക്കൾ ചോദ്യം ചെയ്യല്ലിന് ഹാജരായില്ല. ചോദ്യം ചെയ്യല്ലിന് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് തൃശൂരിൽ ഹാജരാകാൻ നിർദേശം നൽകിയത്. എന്നാൽ അസൗകര്യങ്ങൾ മൂലം ചോദ്യം ചെയ്യല്ലിന് ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ​ഗണേശനും ​ഗിരീഷും അറിയിച്ചതായാണ് വിവരം. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച ബി.ജെ.പി നേതാക്കൾ രാത്രിയിൽ മൊബൈൽ കോൺഫറൻസ് കോളിൽ ചർച്ച നടത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.