കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ ധർമ്മരാജിൽ നിന്നും ഷംജീറിൽ നിന്നും അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ: ഇരുവരെയും ചോദ്യം ചെയ്തത് ആറ് മണിക്കൂറിലധികം നേരം; കാര്യങ്ങൾ പോലീസിനോട് പറഞ്ഞെന്ന് ധർമ്മരാജ് മാധ്യമങ്ങളോട്

22

കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ആർ.എസ്.എസ് പ്രവർത്തകനായ ധർമരാജനെയും ഡ്രൈവർ ഷംജീറിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞുവെന്ന് ധർമ്മരാജ് മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട ചോദ്യം ചെയ്യലിൽ പണം കൊണ്ടു വന്നതുമായിബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഹഘത്തിന് ലഭിച്ചതായാണ് വിവരം. രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് അഞ്ചേ കാലോടെയാണ് പൂർത്തിയായത്. ഇന്നലെ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി കർത്തയെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായിട്ടായിരുന്നു ധര്‍മരാജനെയും ഷംജീറിനെയും വിളിപ്പിച്ചിരുന്നത്. പണം എത്തിച്ച ധർമരാജിന്റെ ഡ്രൈവർ ഷംജീറിന് തൃശൂര്‍ എംജി റോഡിലെ ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ലാ നേതാക്കളാണ്. ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും ഇവിടുത്തെ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായിരുന്നു ഷംജീറിനെ വിളിപ്പിച്ചിരുന്നത്. സുനില്‍ നായിക്കിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത്. പരസ്പര വിരുദ്ധമായ മൊഴികളാണ് കര്‍ത്ത നല്‍കിയതെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. കര്‍ത്തയെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും.