കൊടകര കുഴൽപ്പണക്കേസിൽ കവർച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ: അര ലക്ഷം രൂപയും ഒൻപതര പവൻ സ്വർണ്ണവും കൂടി കണ്ടെത്തി; ധർമ്മരാജിനെ ഫോണിൽ വിളിച്ചുവെന്ന് ആലപ്പുഴ മേഖലാ സെക്രട്ടറിയുടെ മൊഴി

43

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. അര ലക്ഷം രൂപയും ഒൻപതര പവൻ സ്വർണ്ണവും കൂടി കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്. കേസിൽ ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും കവർച്ചാ മുതൽ ഒളിപ്പിച്ചതിലും ഇയാൾക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തി. മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്.
ഇതോടെ കവർച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കേസിലെ മൂന്നാം പ്രതി
രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണത്തെ കുറിച്ച് വിവരം ലഭിച്ചത്. കോടാലിയിലെ വീട്ടിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. പ്രതി ബഷീറിന്റെ രണ്ടാം ഭാര്യയുടെ സുഹൃത്തിൻറെ വീട്ടിൽ നിന്നാണ് അൻപതിനായിരം രൂപ ലഭിച്ചത്. നേരത്തെ ഒന്നേകാൽ കോടി രൂപ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തിരുന്നു. ബി.ജെ.പി മധ്യ മേഖല സംഘടനാ സെക്രട്ടറി ആലപ്പുഴ സ്വദേശിയായ എൽ.പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തു. പണമിടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് അറിയിച്ച പത്മകുമാർ ധർമ്മരാജിനെ വിളിച്ചിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നൽകി. അടുത്ത ദിവസങ്ങളിൽ ഉന്നത നേതാക്കളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

1448772b 3ad1 46e2 bb61 1d1ebde6cf1f