കൊടകര കുഴൽപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാൻ ബി.ജെ.പി ശ്രമമെന്ന് എം.എം.വർഗീസ്

6

ബി.ജെ.പിയുടെ സംസഥാന– ജില്ല തല നേതാക്കൾ വരെ പ്രതികൂട്ടിലായി നിൽക്കുന്ന കൊടകര കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ബി.ജെ.പി ജില്ല പ്രസിഡണ്ട് നടത്തിയ പ്രസ്​താവന ബാലിശവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം വർഗീസ്​. കുഴൽപണ ഇടപാടിൽ സംഘ്പരിവാർ നേതാക്കൾ ഓരോരുത്തരായി അന്വേഷണസംഘത്തിന് മുന്നിൽ എത്തികൊണ്ടിരിക്കുകയാണ്. ഇടപാടിൽ പണം കൊടുത്തയാൾ മുതൽ കൊണ്ടുവന്നയാൾ വരെ ബി.ജെ.പിയുടെയും ആർ.എസ്.​എസിെൻ്റയും പ്രവർത്തകരാണ്. ഇവർക്ക് സംസ്​ഥാനത്തെ ഉന്നത ആർ.എസ്​.എസ്​ – ബി.ജെ.പി നേതതാക്കളുമായുള്ള ബന്ധം ഇതിനകം തന്നെ പരസ്യമായി കഴിഞ്ഞു. സംസ്​ഥാന സംഘടന ജനറൽ സെക്രട്ടറി മുതൽ ജില്ല പ്രസിഡണ്ടിനെ വരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പണം ഒഴുക്കി നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇത് തെളിവ് സഹിതം പിടിക്കപ്പെട്ടതിലുള്ള ജാള്യത മറച്ചുവെക്കാനാണ് സി.പി.എമ്മിന് എതിരെ അടിസ്​ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.ഈ ഇടപാടിൽ സത്യസന്ധമായ അന്വേഷണം നടത്തി ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരണമെന്ന ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ഇതുവരെയുള്ള അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നാട്ടിലെ ജനങ്ങൾ ആവർത്തിച്ച് വിശ്വാസം അർപ്പിച്ചിട്ടുള്ള പാർടിയാണ് സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും. തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് തെളിഞ്ഞതാണ്.വീരവാദം മുഴക്കി 13 സീറ്റിലും മൽസരിച്ച് എല്ലായിടത്തും മൂന്നാം സ്​ഥാനത്തേക്ക് തള്ളപ്പെട്ട ബി.ജെ.പിക്ക് ഇതിലുള്ള മനോവേദന മനസിലാവും. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ വോട്ടുകച്ചവടവും ഇപ്പോൾ പരസ്യമാണ്. അന്വേഷണം വഴി തെറ്റിക്കാനാണ് ബി.ജെ.പി നേതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്. നഷ്ടപ്പെട്ട സംഖ്യ 25 ലക്ഷമാക്കി കുറച്ചു കാണിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ കാറിൽ മൂന്നരക്കോടിയുള്ളതായും സമ്മതിച്ചു. ഇതിനകം ഒരുകോടിയിൽപരം രൂപ ഇതിലെ വിവിധ പ്രതികളിൽ നിന്ന് കണ്ടെത്തി. പണം ബി.ജെ.പിയുടേതാണെന്ന് അന്വേഷകസംഘത്തിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള നേതാക്കൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം.എം.വർഗീസ്​ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.