കൊടകര കുഴൽപ്പണക്കേസ്: അന്വേഷണസംഘത്തിനെതിരെ ഭീഷണിയും വെല്ലുവിളിയും; കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് വെല്ലുവിളി, പിണറായിയും സതീശനും നിയമസഭയിൽ ചേട്ടനും അനി‍യനും കളിക്കുകയാണെന്നും വിമർശനം

17

കൊടക കുഴൽപ്പണക്കേസിന്റെ പേരിൽ ബി.ജെ.പിയെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി ആ ക്വട്ടേഷൻ സംഘത്തിന്റെ ക്യാപ്റ്റനാകുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായി നേരിടും. വാദിയെ പ്രതിയാക്കാനാണ് കൊടകരയിൽ സർക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നത്. കൊടകരയിൽ നടന്നത് കുഴൽപ്പണമാണെങ്കിൽ എന്തുകൊണ്ട് ഇഡിയെ ഏൽപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
റൂമെടുത്ത് കൊടുത്തതിനാണ് തങ്ങളുടെ പ്രസിഡന്റിനെ പോലീസ് വിളിപ്പിച്ചത്. അങ്ങനെയാണെങ്കിൽ പിണറായി വിജയനേയും മകളേയും ഒക്കെ പിടിച്ച് ജയിലിൽ ഇടേണ്ടി വരില്ലേ. ഇങ്ങനെയൊക്കെ കാണിക്കാൻ പോലീസിന് ആരാണ് ധൈര്യം കൊടുത്തത്. റജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കളും അറസ്റ്റിലാകും. എന്താണ് അയാളെ വിളിപ്പിക്കാത്തതെന്നും രാധാകൃഷ്ണൻ ചോദിച്ചു.
അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വികെ രാജു ഇടത് സഹയാത്രികനാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തുവിടാത്തതെന്താണെന്നും രാധാകൃഷ്ണൻ ചോദിച്ചു. പ്രതി മാർട്ടിൻ സപിഐ പ്രവർത്തകനാണ്. മാർട്ടിന്റെ രേഖകൾ പരിശോധിച്ചാൽ കൊടുങ്ങല്ലൂർ എംഎൽഎയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയെ പൊതുസമൂഹത്തന് മുന്നിൽ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഈമാസം പത്ത് മുതൽ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കും. നിയമസഭയിൽ പോലും പിണറായിവിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപി ഇല്ലാത്ത വേദിയിൽ ബിജെപിയെ കുറിച്ച് ആക്ഷേപം പറഞ്ഞ് ഭരണ പക്ഷവും പ്രതിപക്ഷവും സായൂജ്യമണിയുകയാണെന്നും കൊടുത്താൻ കൊല്ലത്തും കിട്ടുമെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുകയാണെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.