കൊടകര കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രനുമായി പണം കൊണ്ടു വന്ന ധർമ്മരാജിന് ബന്ധമുണ്ടെന്ന് മൊഴി; സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

14

കൊടകര കുഴൽപ്പണക്കേസിൽ പണം കടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജുമായി
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ബന്ധമുണ്ടെന്ന് മൊഴി. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രെവർ ലെബീഷുമാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. രാവിലെ പത്തോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഒരു മണിയോടെയാണ് അവസാനിപ്പിച്ചത്. ധർമരാജനുമായി ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിനെ കുറിച്ച് അറിയാനായിട്ടായിരുന്നു ഇരുവരെയും വിളിപ്പിച്ചത്. അതോടൊപ്പം തിരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രന്റെ യാത്രകൾ, കൂടിക്കാഴ്ചകൾ, സന്ദർശിച്ച വ്യക്തികൾ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു. ധർമ്മരാജുമായി ബന്ധമുണ്ടെന്നും അറിയാമെന്നും ഇരുവരും അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് കൂടിക്കാഴ്ച നടത്തിയോയെന്നത് അറിയില്ലെന്നാണ് മൊഴി നൽകിയത്. ധർമ്മരാജിനെ എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് നേരത്തെ നേതാക്കൾ നൽകിയ മൊഴികൾ ‘തെരഞ്ഞെടുപ്പ് സാമഗ്രികൾ’ എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന കാര്യം ഇരുവരും ആവർത്തിച്ചു. കവർച്ചാ കേസിൽ ഒരു
സി.പി.എം പ്രവര്‍ത്തകനെയും ചോദ്യം ചെയ്യുന്നുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശി റെജിനെയാണ് ചോദ്യം ചെയ്യുന്നത്. ഇയാൾ‍ പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആർ.എസ്.എസ് പ്രവർത്തകൻ സത്യേഷ് വധക്കേസിലെ പ്രതിയാണ് റെജിൽ.