കൊടകര കുഴൽപ്പണക്കേസ്: വനിതാ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; പ്രതി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

6

കൊടകര കുഴൽപ്പണക്കേസിലെ 20ാം പ്രതി ദീപ്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ വെള്ളിക്കുളങ്ങര കോടാലി പാഡി വല്ലത്ത് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. കവര്‍ച്ചാ വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ച് അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തില്‍ വസ്തുതകൾ മൂടിവെക്കുകയും കൊള്ളയടിക്കപ്പെട്ട കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാല്‍ ജാമ്യമനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തെ തുടർന്നാണ് ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജ്ഡ്ജ് ഡി.അജിത് കുമാർ തള്ളിയത്. രണ്ട് തവണയായി ചോദ്യം ചെയ്തതിൽ കവർച്ചാ പണത്തിൽ നിന്നും ഒളിപ്പിച്ച 12 ലക്ഷത്തോളം രൂപയും ഒമ്പതര പവൻ സ്വർണ്ണവും ഇവരിൽ നിന്നും കണ്ടെടുത്തിരുന്നു. കളവ് മുതൽ ഒളിപ്പിച്ചതിനെ തുടർന്നാണ് കേസിലെ 20ാം പ്രതിയായി ദീപ്തിയെ കേസിൽ ഉൾപ്പെടുത്തിയത്. മെയ് 21നാണ് ദീപ്തിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ജില്ലാ കോടതിയിൽ സമർപ്പിച്ചത്.