കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബി.ജെ.പി ബന്ധം കണ്ടെത്തി പോലീസ്: ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകൻ; പണം കൊടുത്തയച്ചത് കെ.സുരേന്ദ്രനുമായി അടുപ്പമുള്ള യുവമോർച്ച നേതാവ് സുനിൽ നായിക്കെന്ന് ധർമ്മരാജന്റെ മൊഴി

113

കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബി.ജെ.പി ബന്ധം കണ്ടെത്തി പോലീസ്. പരാതിക്കാരൻ ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനെന്ന് പോലീസ് അറിയിച്ചു. ഇത് ധർമ്മരാജനും സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതിൽ കൂടുതൽ പണം കണ്ടെത്തിയെന്ന് തൃശൂർ എസ്.പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിൽ കൂടുതൽ പണം ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചുവരികയാണ്. കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു.
പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കെന്ന് ധർമ്മരാജൻ പോലീസിൽ മൊഴി നൽകി. ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. താനും ധർമ്മരാജനും തമ്മിൽ വർഷങ്ങളായുള്ള ബിസിനസ് ബന്ധമെന്നാണ് സുനിൽ നായിക് പൊലീസിനോട് വ്യക്തമാക്കിയത്. ധർമ്മരാജന്റേയും സുനിൽ നായിക്കിന്റേയും മൊഴികൾ പോലീസ് വിശദമായി പരിശോധിക്കും. അതിനിടെ കേസിൽ ഒരു പ്രതികൂടി പോലീസ് കസ്റ്റഡിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ലകേസിൽ അഞ്ച് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.