കൊല്ലത്ത് കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ കൈയാങ്കളി: പോലീസ് ജീപ്പ് തകർത്തു, എ.എസ്.ഐക്ക് പരിക്ക്; അക്രമം അസോസിയേഷന്റെ അറിവോടെയല്ല, അന്വേഷണം നടത്തുമെന്ന് ബാർ അസോസിയേഷൻ

49

കൊല്ലത്ത് കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ കൈയാങ്കളി. അഭിഭാഷകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. അഭിഭാഷകര്‍ ജീപ്പിന്റെ ചില്ല് തകര്‍ത്തതായി പോലീസ് പറഞ്ഞു. ഒരു എ.എസ്.ഐ.യ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Advertisement

കരുനാഗപ്പള്ളിയിലെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അഞ്ചാം തീയതി നടന്ന ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലത്തെ കോടതിയില്‍ തിങ്കളാഴ്ച അഭിഭാഷകര്‍ പ്രകടനം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധ പ്രകടനത്തിനിടെ അഭിഭാഷകര്‍ പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. ഒരു വയര്‍ലെസ് സെറ്റ് നശിപ്പിച്ചതായും അക്രമത്തില്‍ പള്ളിത്തടം എ.എസ്.ഐ.യെക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. എ.എസ്.ഐ.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കരുനാഗപ്പള്ളിയിലെ സംഭവത്തില്‍ നിലവിലെ അന്വേഷണസംഘത്തെ മാറ്റുന്നത് വരെ കോടതി നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങള്‍ അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Advertisement