ഗുരുവായൂരിൽ യുവാവിനെ ആക്രമിച്ച പ്രതിക്ക് 17 വർഷം തടവും അര ലക്ഷം പിഴയും; കോടതി വിചാരണയിൽതെളിവെടുപ്പിന് സി.സി.ടി.വി ദൃശ്യങ്ങൾ ഡി.വി.ഡിയിൽ പകർത്തി കോടതിയിൽ പ്രദർശിപ്പിച്ച അപൂർവ്വമായ വിചാരണ നടന്ന കേസ്

34

ഗുരുവായൂരിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് ഉപേക്ഷിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൂക്കോട് ഇരിങ്ങപ്രം നാലകത്ത് വീട്ടിൽ ഷെരീഫിനെ (കാട്ടറബി-45) ആണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്രിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. കണ്ണൂർ രാമപുരം വാരം സ്വദേശി വിജയൻ നായരുടെ മകൻ ജയകൃഷ്ണൻ (39) ആണ് ആക്രമത്തിനിരയായി മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. പിഴയടക്കുന്ന പക്ഷം കൊല്ലപ്പെട്ട ജയകൃഷ്ണന്റെ അനന്തരാവകാശികള്‍ക്ക് തുക നല്‍കണമെന്നും കൂടാതെ അര്‍ഹതപ്പെട്ട വിക്ടിം കോംപന്‍സേഷന്‍ നല്‍കുന്നതിന് ജില്ലാ ലീഗല്‍സര്‍വീസ് അതോറിറ്റിയോടും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 16ന് ആണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂരില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജയകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ് ചികിൽസയിലിരിക്കെ അടുത്ത ദിവസം മെഡിക്കൽ കോളേജിലെ ശുചിമുറിക്ക് സമീപത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയും, അവിവാഹിതനുമായ ജയകൃഷ്ണന്‍ വാഹന-റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ്. പലപ്പോഴും ആഴ്ചകളോളം കഴിഞ്ഞാണ് വീട്ടില്‍ വരാറുള്ളത്. മകനെ ആരോ ദേഹോപദ്രവമേല്പിച്ചു കൊലപ്പെടുത്തിയതാണെന്ന് ജയകൃഷ്ണന്റെ മാതാവായ നളിനി മൊഴി നൽകിയിരുന്നു. ഇതിന് സാധൂകരിക്കുന്ന വിധത്തിൽ വയറിലും നാഭിയിലും മര്‍ദ്ദനമേറ്റതുമൂലം ആന്തരാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.ഗുരുവായൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ടി.ജി. ദിലീപ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഗുരുവായൂര്‍ ഇന്‍സ്പെക്ടറായിരുന്ന കെ. സുദര്‍ശനാണ് കേസന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ജയകൃഷ്ണന്റെ മൊബൈല്‍ ഫോണിലെ നമ്പറുകളുടെ കോള്‍ വിവരങ്ങളും ഐ.എം.ഇ.ഐ നമ്പരും പരിശോധിച്ചതിലാണ് ഷെരിഫീലേക്ക് എത്തിയത്. 2013 ആഗസ്റ്റ് 12ന് രാത്രി ഗുരുവായൂരിലെ ബാറില്‍ വെച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായ ഷെരീഫ് കൊല്ലപ്പെട്ട ജയകൃഷ്ണനെ കണ്ടുമുട്ടിയിരുന്നു. ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ജയകൃഷ്ണന്റെ കൈവശം പണമുള്ളത് അറിഞ്ഞ ഷെരീഫ് ഇത് തട്ടിയെടുക്കാൻ ഇരിങ്ങപ്രത്തെ വീട്ടിലേക്ക് അനുനയിപ്പിച്ച് കൊണ്ടു പോവുകയായിരുന്നു. വീട്ടില്‍വെച്ച് മദ്യപിച്ച ഇരുവരും തമ്മില്‍ തർക്കത്തിലാവുകയും ജയകൃഷ്ണനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച് മൊബൈൽഫോണും പണവും കൈക്കലാക്കി പിന്നീട് വാഹനത്തിൽ ഗുരുവായൂർ ബസ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ജയകൃഷ്ണനെ സന്നദ്ധ സംഘടനകളാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്തക്. ചികില്‍സയിലായിരിക്കെ അടുത്ത ദിവസം ശുചിമുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ജയകൃഷ്ണനൊപ്പം അവസാനമായി ഉണ്ടായത് ഷെരീഫായിരുന്നു എന്ന് തെളിയിക്കുന്നതിന് കേസിന്റെ പ്രാരംഭവാദം നടക്കുമ്പോള്‍ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന കെ.ഡി. ബാബു നല്‍കിയ അപേക്ഷ പ്രകാരം ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിവിഡിയില്‍ പകര്‍ത്തി പബ്ലിക്ക് പ്രോസിക്യൂട്ടറുടെയും, പ്രതിഭാഗം അഭിഭാഷകന്റെയും, ടെക്നീഷ്യന്റെയും സാന്നിദ്ധ്യത്തില്‍ വിസ്താരവേളയില്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 34 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും ഹാജരാക്കുകയും, 23 സാക്ഷികളെയും വിസ്തരിച്ചു. ദൃക്‍സാക്ഷികള്‍ ഇല്ലാതിരുന്ന ഈ കേസില്‍ സാഹചര്യത്തെളിവുകള്‍ കോര്‍ത്തിണക്കിയാണ് പ്രതി കുറ്റക്കാരനെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പ്രാരംഭഘട്ടത്തില്‍ മുന്‍ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു, തുടര്‍ന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവരാണ് ഹാജരായത്.

Advertisement
Advertisement