ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി കെ.ടി ജലീൽ: എ.ആർ നഗർ സഹകരണ ബാങ്കിൽ ഇ.ഡി അന്വേഷണം താൻ ആവശ്യപ്പെട്ടിട്ടില്ല, ലീഗിനെതിരായ നിലപാടിൽ പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്, മുഖ്യമന്ത്രി വിളിപ്പിച്ചതല്ല താൻ സാധാരണയായി കാണാറുള്ളതെന്നും ജലീൽ

9

ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി കെ.ടി ജലീൽ. പതിനാറാം തീയതി കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറയുന്നു. എ.ആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീൽ പറഞ്ഞു. താൻ നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിന്റെ ക്ളിപ്പിങ് പരിശോധിച്ചാൽ ഇക്കാര്യമറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇ‍‍ഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജലീൽ. സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇ.ഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ പറയുന്നു. ലീഗിനെതിരായ നിലപാടിൽ സി.പി.എം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ ആവർത്തിച്ചു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.17ന് മുഈൻ അലി തങ്ങളുടെയും മൊഴി എടുക്കും, ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉൾപ്പെടെ ഉള്ള തെളിവുകൾ കൈ മാറിയെന്ന് ജലീൽ പറഞ്ഞു.