ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഹൈക്കോടതികളുടെ അനുമതി വേണമെന്ന് സൂപ്രീംകോടതി

9

ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാർക്കും, എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റരുതെന്നും ചീഫ്  ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശചിച്ചു.
എംപി മാരും എം എൽഎ മാരും പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമിക്കസ് ക്യുറി വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പൊതു താത്പര്യം കൂടി കണക്കിലെടുത്ത് മാത്രമേ പിൻവലിക്കാവു എന്ന നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി  ഉത്തരവിന്റെ നിർദേശങ്ങളും അമിക്കസ് ക്യുറി ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി.