ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ പോത്തുകളെയടക്കം നാൽക്കാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസിൻറെ പിടിയിലായി

812

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ പോത്തുകളെയടക്കം നാൽക്കാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസിൻറെ പിടിയിലായി. വെള്ളാങ്ങല്ലൂരിൽ താമസിക്കുന്ന വൈപ്പിൻ സ്വദേശി മങ്ങാട്ട്പറമ്പിൽ ബിബിൻ (കുക്കു-33), അഴീക്കോട് പേ ബസാർ സ്വദേശി പുത്തൻചിറ വീട്ടിൽ സലാം (37), വൈപ്പിൻ വളവ് മാലിപ്പുറം ബീച്ച് സ്വദേശികളായ ആലത്തറ വീട്ടിൽ ജോബി (ജപ്പാൻകുഞ്ഞ്-39), നിരത്തിത്തറ വീട്ടിൽ ഷിബു (ചാക്കോച്ചി-44), മാട്ടുമ്മൽ വീട്ടിൽ സുബൈർ (ചുമ്മാർ-44) എന്നിവരാണ് പിടിയിലായത്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് എളുപ്പത്തിൽ വണ്ടിയിൽ കയറ്റി കൊണ്ടുപോകാൻ കഴിയുന്ന പോത്തുകളെയും എരുമകളെയും കണ്ടെത്തിയ ശേഷം രാത്രി വാഹനവുമായി വന്ന് ഉരുക്കളെ കടത്തി കൊണ്ടു പോകുന്നതാണ് ഇവരുടെ പതിവ് രീതി. അഞ്ചു പേരും ചേർന്ന് ഉരുക്കളെ പൊക്കി വണ്ടിയിലിട്ട് ഷീറ്റിട്ട് മൂടിയാണ് ഇവർ കൊണ്ടു പോകുന്നത്. ക്യാമറയിൽ പതിയാതിരിക്കാൻ അതി വേഗതയിലാണ് വാഹനങ്ങളുടെ യാത്ര. പോത്ത് അഴിഞ്ഞു പോയതാണെന്നു കരുതി ഉടമസ്ഥർ പലരും പരാതി നൽകാത്തത് ഇവർക്ക് ഗുണകരമായിരുന്നു. കരൂപ്പടന്നയിൽ നിന്നും രണ്ടു എരുമകളെ ഒന്നിച്ച് കാണാതായത് മോഷണമാണെന്ന സംശയത്തിൽ ഉടമസ്ഥർ പരാതി നൽകിയതിലുള്ള അന്വേഷണമാണ് ഇവരിലേക്കെത്തിയത്. ഇവർ മോഷണത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുത്തു.