ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയെടുത്തത് ചോദിച്ച മഹിളാ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു: കേസെടുത്തത് കോലഴി പഞ്ചായത്ത് മുൻ പ്രസിഡണ്ടായ ഡി.സി.സി നേതാവിനെതിരെ

104
8 / 100

ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പത്തുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട മഹിള കോൺഗ്രസ് പ്രവർത്തകയെ മർദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കോലഴി പഞ്ചായത്ത് മുൻ പ്രസിഡന്റായ ഡി.സി.സി നേതാവിനെതിരെയാണ് വിയ്യൂർ പൊലീസ് കേസെടുത്തത്. വെളപ്പായ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജോലി ലഭിക്കാനായി നൽകിയ പത്തുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ മർദിച്ച് അവശയാക്കിയശേഷം അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു. വസ്ത്രങ്ങൾ കീറിക്കളഞ്ഞു. മർദനത്തിൽ പരിക്കേറ്റ പരാതിക്കാരി മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ജോലിക്കായി 2016ലാണ് പരാതിക്കാരി വീടിന്റെ ആധാരം പണയപ്പെടുത്തി തൃശൂർ ജില്ലാ സഹകരണ ബാങ്ക് അത്താണി ശാഖയിൽ പത്തുലക്ഷം രൂപ വായ്പയെടുത്ത്. കോൺഗ്രസ് നേതാവ് പ്രസിഡന്റായ തിരൂരിലെ സൊസൈറ്റിയിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു സംഖ്യ വാങ്ങിയതെന്ന് പറയുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. തുടർന്ന് പലതവണ സംഖ്യ തിരികെ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല.

വായ്പ മുടങ്ങിയതോടെ ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. വായ്പാ കുടിശിക തീർക്കാനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ട് നേതാവിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു മർദനവും അസഭ്യവും ഏൽക്കേണ്ടി വന്നത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം ലൈംഗിക ചുവയോടെ സംസാരിച്ചതിനും മർദിച്ചതിനും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് വിയ്യൂർ പൊലീസ് കേസെടുത്തത്.