നടി ആക്രമണക്കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജ് കൗസർ എടപ്പഗത്ത് പിൻമാറി

21

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാ‌ഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാ‌ഞ്ച് ഹർജി. ജഡ്ജിയ്ക്കെതിരെയും ഹർജിയിൽ ആരോപണമുണ്ട്. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്‍റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജ‍ഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. നേരത്തേ അതിജീവിത നൽകിയ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. തുടരന്വേഷണം സർക്കാർ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അതീജീവിത അന്ന് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement