നടി ആക്രമണക്കേസ്: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം

26

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതി. ഇരുപതാം തിയതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ബാലചന്ദ്രകുമാറിന്‍റെ മൊഴി കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചു. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹർജി 20ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹർജി എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്ന് പരിഗണിക്കെത്തിയെങ്കിലും 20ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്. അതിനാൽ 20 വരെ സമയം അനുവദിച്ച കോടതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കോടതിക്ക് കൈമാറി. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്‍റെ വാദം. കേസിലെ സാക്ഷികളും പ്രോസിക്യൂഷനും ഇന്ന് ഹാജരായില്ല. നിലവിലുള്ള പ്രോസിക്യൂട്ടർ രാജി വച്ച സാഹചര്യത്തിൽ സർക്കാരിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള സാവകാശവും കോടതി നൽകി.

Advertisement
Advertisement