നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എയും അടക്കം നാലുപേര്‍ക്കും കൊല്‍ക്കത്തയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു

4

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എയും അടക്കം നാലുപേര്‍ക്കും കൊല്‍ക്കത്തയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ ഇന്ന് അറസ്റ്റുചെയ്തത്.
നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തൃണമൂല്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കുകയും കല്ലേറ് നടത്തുകയും ചെയ്തതോടെ കേന്ദ്ര സേനയെ സിബിഐ ഓഫീസിന് മുന്നില്‍ വിന്യസിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലേക്ക് പാഞ്ഞെത്തുകയും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം തന്നേയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.