നേതാക്കളെ കുരുക്കി ബി.ജെ.പി ഓഫീസ് സെക്രട്ടറിയുടെ മൊഴി: കുഴൽപ്പണ സംഘത്തിന് മുറിയെടുത്ത് നൽകിയത് നേതാക്കൾ പറഞ്ഞിട്ടെന്ന്, അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്

41

കൊടകര കുഴൽപ്പണ കേസിൽ പണവുമായെത്തിയ സംഘത്തിന് ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് നേതാക്കളുടെ നിർദ്ദേശപ്രകാരം താനായിരുന്നുവെന്ന് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയുടെ മൊഴി. ഇതോടെ ബി.ജെ.പി നേതാക്കൾ കൂടുതൽ കുരുക്കിലായി. തൃശൂർ പോലീസ് ക്ലബ്ബിൽ രണ്ട് മണിക്കൂറോളമാണ് സതീശനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഏപ്രിൽ രണ്ടിന് തൃശൂർ എം.ജി.റോഡിലെ നാഷ്ണൽ ടൂറിസ്റ്റ് ഹോമിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് താനാണെന്ന് സതീശൻ സമ്മതിച്ചു. ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികൾ ആർക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നും നാല് മാസം മുൻപ് മാത്രമാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും
കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും സതീശൻ അന്വേഷണ സംഘത്തോട് പറഞ്ഞു. കുഴൽ പണ കേസിൽ ഉൾപ്പെട്ട ധർമരാജൻ, സുനിൽ നായിക് എന്നിവരെ പരിചയമില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശൻ മൊഴി നൽകി. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ജില്ലാ ട്രഷറർ സുജയ് സേനൻറെ ബിസിനസ് പങ്കാളിയും അടുപ്പക്കാരനുമായ പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സതീശിന്റെ മൊഴിയോടെ നേതാക്കൾ കൂടുതൽ കുരുക്കിലായി. മുറിയെടുത്ത് നൽകിയത് സ്ഥിരീകരിച്ചതോടെ പണം സംബന്ധിച്ച് മുമ്പ് തന്നെ അറിവുണ്ടായിരുന്നുവെന്ന സ്ഥിരീകരണത്തിലേക്കാണ് എത്തുന്നത്. നേതാക്കളെ ഉടൻ ചോദ്യം ചെയ്യും. അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പോലീസ് പരിശോധന നടത്തി. കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാൽ പണം കണ്ടെത്താനായില്ല. കേസിൽ ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ പലയിടങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നര കോടി കവർച്ച ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ സംസ്ഥാന നേതാക്കളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.