പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരം നൽകുന്നതിന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി , പട്ടികജാതി വികസന ഡയറക്ടറേറ്റ് മുഖാന്തിരം ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ അഴിമതി നടന്നതായി തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ജഡ്ജ് പി. ഗോപകുമാർ കണ്ടെത്തി.
2002-2003 കാലയളവിൽ എസ് സി വിദ്യാർത്ഥികള്‍ക്ക് കമ്പ്യൂട്ടർ പഠനത്തിന് സർക്കാർ തുക അനുവദിച്ചിരുന്നു. തൊഴിൽ പരിശീലനം നൽകാൻ രജിസ്ട്രേഷനില്ലാത്ത വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിന് ഉദ്യോഗസ്ഥർ ചേർന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള തുക നൽകി. ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികള്‍ക്ക് സർട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും സർക്കാർ പണം വകമാറ്റിയെന്നും വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥർ കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് വർക്കലയിലുള്ള പൂർണ്ണ സ്കൂൾ ഓഫ് ഐ.ടി എന്ന സ്ഥാപനത്തെ തെറ്റായി കമ്പ്യൂട്ടർ പരിശീലനതിനുള്ള സ്ഥാപനമായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ ഹാജരായി.