ബി.ടെക്. ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഢിപ്പിച്ചു എന്നാരോപിച്ച് തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും, എറണാകുളം മുളവുകാട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ മരട് സ്വദേശി പനച്ചിക്കല്‍ പി.ആർ സുനുവിനെ (44) ആണ് തൃശൂർ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ റിമാന്റ് ചെയ്ത് ജുഢീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
പട്ടികജാതിക്കാരിയായ യുവതി പരാതി കൊടുക്കുന്നതിനായി മുളവുകാട് പോലീസ് സ്റ്റേഷനില്‍ എത്തിയ സമയം പ്രതിയായ പോലീസ് ഇന്‍സ്പെക്ടര്‍ പരാതിക്കാരിയെ സ്വാധീനിച്ച് അടുപ്പം ഉണ്ടാക്കുകയും തുടര്‍ന്ന് പലതവണ കാറില്‍ വെച്ചും , പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ വച്ചും പീഢിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ ആരോപണം.
വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെ ഡൈവോഴ്സ് ചെയ്ത് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പിന്നെയും പലതവണ പിഢിപ്പിച്ചു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു. 2019 നവംബര്‍ 25-ാം തീയ്യതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുവരികയും, ഹോട്ടലില്‍ മുറിയെടുത്ത് താമസിപ്പിക്കുകയും, പീഢിപ്പിക്കുകയും ചെയ്തതിന് ശേഷം ആവലാതിക്കാരിയെ ഉപേക്ഷിച്ച് കടന്നുകളയുകയാണുമുണ്ടായത്.
ലോഡ്ജില്‍ കരഞ്ഞുകൊണ്ടു നിന്ന ആവലാതിക്കാരിയെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ്പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ കൂട്ടിക്കൊണ്ടുപോയി മൊഴി എടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിരപരാധിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി കഴിഞ്ഞ നവംബറില്‍ തള്ളിയിരുന്നു. തുടര്‍ന്ന് പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതുപ്രകാരം തൃശ്ശൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പില്‍ കീഴടങ്ങിയ പ്രതിയെ അസി. കമ്മീഷണര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് പ്രതിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തുടര്‍ന്നാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍. പരാതി നല്‍കാനെത്തിയ പട്ടികജാതിക്കാരിയായ യുവതിയെ പീഢിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന് വാദം കണക്കിെലെടുത്ത് കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ജുഢീഷ്യല്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ..ഡി ബാബു ഹാജരായി.