പാലക്കാട് ചന്ദ്രനഗര്‍ സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതി പിടിയില്‍

10

പാലക്കാട് ചന്ദ്രനഗര്‍ സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതി പിടിയില്‍. മഹാരാഷ്ട്ര സത്താറ സ്വദേശി നിഖില്‍ അശോക് ജോഷിയെയാണ് പോലീസ് സംഘം പിടികൂടിയത്. ഇയാള്‍ ഒറ്റയ്ക്കാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. 
കഴിഞ്ഞമാസം 26നാണ് ചന്ദ്രനഗറിലെ മരുത റോഡ് സഹകരണ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് ഏഴരക്കിലോ സ്വര്‍ണവും 18,000 രൂപയും മോഷണംപോയത്. തുടര്‍ന്ന് പോലീസിന്റെ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 
സത്താറ സ്വദേശിയായ നിഖില്‍ അശോക് ജോഷി നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സഹകരണബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് മോഷണം നടത്തുന്നയാളാണ്. കവര്‍ച്ചയ്ക്കായി ഒരുമാസത്തോളം ഇയാള്‍ പാലക്കാട്ട് താമസിച്ചിരുന്നു. കവര്‍ച്ച നടത്തിയ ശേഷം സ്വര്‍ണമെല്ലാം സത്താറയിലെ വിവിധ വ്യക്തികള്‍ക്ക് കൈമാറിയതായാണ് വിവരം.