പിടിച്ചെടുത്ത പണത്തിൻറെ രേഖ ഹാജരാക്കിയില്ല: കെ.എം.ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

21

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും. റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിൻ്റെ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും കെ.എം ഷാജിയെ ചോദ്യം ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്. അതേസമയം, റെയ്ഡ് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
റെയ്ഡ് കഴിഞ്ഞയുടൻ ഷാജി പറഞ്ഞത്, പണത്തിൻ്റെ രേഖകൾ കയ്യിലുണ്ടെന്നാണ്. എന്നാൽ, രേഖകൾ കയ്യിലുണ്ടെങ്കിൽ എന്തുകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അത് ഹാജരാക്കിയില്ല എന്ന് വിജിലൻസ് ചോദിക്കുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടിസ് നൽകാൻ പോലും അദ്ദേഹത്തെ കണ്ടുകിട്ടുന്നില്ല എന്നും വിജിലൻസ് പറയുന്നു. കെ.എം ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ പിടിച്ചെടുത്തിരുന്നു. 50 ലക്ഷം രൂപയും 400 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന. കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.