പീഡനക്കേസ് ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി: ചാവക്കാട് പബ്ളിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

97

പീഡനക്കേസ് പിൻവലിക്കാൻ അതിജീവിതയിൽ സമ്മർദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസ്. തൃശൂര്‍ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ. ആര്‍. രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. യുവതി നൽകിയ പരാതിയെത്തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
രജിത് കുമാർ മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികൾക്കുവേണ്ടി ഇടപെട്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേസിലെ പ്രോസിക്യൂട്ടറാണെന്ന് കബളിപ്പിച്ച് രജിത് കുമാർ സമീപിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസ് പിൻവലിക്കണമെന്നാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇയാൾക്കെതിരെ യുവതി കോടതിയിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.യുവതിയുടെ പരാതി പരിശോധിച്ച കോടതി പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. നാലു വകുപ്പുകള്‍ പ്രകാരമാണ് അഡ്വ. കെ. ആര്‍. രജിത് കുമാറിനെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement