പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ചോദിച്ച് ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് കോടതിയുടെ നോട്ടീസ്

17

പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ചോദിച്ച് ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് ജില്ലാ സെഷൻസ് കോടതി നോട്ടീസ് നൽകി. ഇരുവരും 17 ന് കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ മുഖേനയാണ് പോലീസ് കോടതിയെ സമീപിച്ചത്. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ-ബുൾജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച വ‍്‍ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച്ച ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്. തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പലതും യാത്രക്കിടയിൽ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരുടെ യൂട്യൂബ് ചാനൽ വഴി നിയമവിരുദ്ധ കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചതായും പൊലീസ് പറയുന്നു. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും, ക്യാമറയും ഫൊറൻസിക് പരിശോധനക്കയച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.