മതിലകത്ത് തനിച്ച് താമസിക്കുന്ന വയോധിക ദമ്പതികൾക്ക് നേരെ ആക്രമണം: നാക്ക് പിഴുതെടുക്കാൻ ശ്രമം; തലയിൽ കുത്തിപ്പരിക്കേൽപ്പിച്ചു

67
8 / 100

കൊടുങ്ങല്ലൂർ മതിലകം മതിൽമൂലയിൽ ദേശീയ പാതയോരത്ത് തനിച്ച് താമസിക്കുന്ന വയോധി ദമ്പതികളെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമം. മതിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. സുബൈദയുടെ നാക്ക്​ മുറിച്ചെടുക്കാനും ശ്രമം നടന്നു. ഇവരുടെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. തലയിൽ പലയിടങ്ങളിലും കുത്തി മുറിവേൽപ്പിച്ച നിലയിലാണ്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അക്രമത്തിന് പിന്നിൽ മോഷ്ടാക്കളാണെന്നാണ് സംശയിക്കുന്നതെങ്കിലും മറ്റ് സാഹചര്യങ്ങൾ കൂടി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്​. ആദ്യം ഗൃഹനാഥന് നേരെയും ശബ്ദംകേട്ട് എഴുന്നേറ്റ സുബൈദയുടെ നാക്ക് പറിച്ചെടുക്കാനും ശ്രമിച്ചു. തലയിൽ പലയിടത്തും കുത്തിമുറിവേൽപ്പിച്ച നിലയിലാണ്. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാതിൽ വഴി രക്ഷപ്പെട്ടു. പ്രവാസിയായിരുന്ന ഹമീദ് ഇപ്പോൾ വീടിനോട് ചേർന്ന് പൊടിമില്ല് നടത്തുകയാണ്. രണ്ട് പെൺമക്കൾ വിവാഹിതരായി.