മറ്റത്തൂരിൽ 25ലിറ്റര്‍ ചാരായവും, 500 ലിറ്റര്‍ വാഷും പിടിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

12

വിടിനുള്ളില്‍ വില്പനക്കായി 25 ലിറ്റര്‍ ചാരായവും, 500ലിറ്റര്‍ വാഷും കൈവശം വെച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ചാലക്കുടി മറ്റത്തൂര്‍ ചെട്ടിച്ചാല്‍ ദേശം കണ്ണങ്കാടന്‍ ബിനോജിന്റെ (38) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത്കുമാര്‍ തള്ളി ഉത്തരവായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം ഒന്നാം തിയതിയാണ് മറ്റത്തൂര്‍ പഞ്ചായത്തിലുള്ള പ്രതിയുടെ വീട് പരിശോധന നടത്തിയത്. തുടര്‍ന്ന് വീടിന്റെ അടുക്കളയില്‍ നിന്നാണ് ചാരായവും, വാഷും പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ ചാലക്കുടി ജുഢീഷ്യല്‍ മജിസ്ത്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലേക്കയക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കുറ്റകൃത്യം ചെയ്ത പ്രതിയെ കയ്യോടെയാണ് പിടികൂടിയത് എന്നും കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, ജാമ്യം ലഭിച്ചാല്‍ പ്രതി വീണ്ടും ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും വലിയ അളവില്‍ വ്യാജചാരായം വാറ്റി വില്പന നടത്തിയ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.