മലബാർ സിമന്റ്സ് കേസിലെ പ്രതിപ്പട്ടികയിൽ നിന്നും മൂന്ന് പ്രതികളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് വിജിലൻസ് കോടതി റദ്ദാക്കി

45
5 / 100

മലബാർ സിമന്റ്സ് കേസിലെ പ്രതിപ്പട്ടികയിൽ നിന്നും മൂന്ന് പ്രതികളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി റദ്ദാക്കി. മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എം.ഡിമാരായ എൻ. കൃഷ്ണകുമാർ, ടി പത്മനാഭൻ നായർ എന്നിവരോട് വിചാരണ നേരിടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. മൂന്ന് പേരെയും 2011 ൽ പ്രത്യേക ഉത്തരവിലൂടെ സർക്കാർ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയം കേസിൽ വിജിലൻസ് കോടതി വിചാരണ തുടങ്ങിയിരുന്നു. ക്രിമിനൽ ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു സർക്കാർ ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. വിചാരണക്കോടതിയോട് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോഴത്തെ വിധി. 2010, 2011 കാലയളവിൽ മൂന്ന് അഴിമതികൾ നടന്നുവെന്നാണ് കുറ്റപത്രം. തമിഴ്നാട്ടിൽ നിന്ന് ചുണ്ണാമ്പുകല്ല് പത്തു വർഷത്തെ പാട്ടക്കരാർ പ്രകാരം വാങ്ങിയതിൽ അഴിമതിയാണ് ഒന്ന്. 25,61,394 രൂപയുടെ അഴിമതി. മെസേഴ്സ് എ.ആർ.കെ സ്ഥാപനത്തിൽ നിന്ന് അധിക വില നൽകി ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്തതിൽ 2 കോടി 78 ലക്ഷത്തി 49,381 രൂപ അഴിമതി നടന്നതായാണ് രണ്ടാമത്തെ കേസ്. തൂത്തുക്കുടിയിൽ നിന്ന് അധിക കടത്തുകൂലിയിൽ ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്തതിൽ നടന്ന 16 കോടി 17 ലക്ഷത്തി 16,372 രൂപയുടെ അഴിമതിയാണ് മൂന്നാമത്തെ കേസ്.