മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എതിരായ ആരോപണങ്ങളില്‍ സി.ബി.ഐ. അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

17

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എതിരായ ആരോപണങ്ങളില്‍ സി.ബി.ഐ. അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണത്തിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
അനില്‍ ദേശ്മുഖിനെതിരേ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനില്‍ ദേശ്മുഖിന്റെ വാദം കേള്‍ക്കാതെ സി.ബി.ഐ. അന്വേഷണം പാടില്ലെന്ന്‌ മഹാരാഷ്ട്ര സര്‍ക്കാരും മഹാരാഷ്ട്രയുടെ മുന്‍ ആഭ്യന്തര മന്ത്രിയും സുപ്രീം കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല. ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് എതിരേയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആരോപണം ഉന്നയിച്ചത്.