മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം കയ്യടക്കി വെച്ചിരിക്കുന്നത് 50 സെൻറ് ക്ഷേത്രഭൂമി. ഇത് സംബന്ധിച്ച സർവ്വേ രേഖകൾ പുറത്തു വന്നു. മുരിങ്ങൂർ തൃക്കോവിൽ ദേവസ്വം വക ഭൂമിയാണ് ഡിവൈൻ ധ്യാനകേന്ദ്രം കയ്യേറിയത്. ദേശീയ പാത അതോറിറ്റിയുടെ ഭൂമിയിൽ ഉൾപ്പെടെ ധ്യാന കേന്ദ്രം കയ്യേറ്റം നടത്തിയതായും രേഖകളിലുണ്ട്. മുരിങ്ങൂർ വടക്കുമുറി വില്ലേജിലെ സർവ്വേ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 104-ാം സർവേ നമ്പർ ഇന്നും തൃക്കോവിൽ നരസിംഹ സ്വാമി ദേവസ്വം വക എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്ലേജിലെ ഭൂ രേഖകളും സർവ്വേ വിവരങ്ങളും ഉൾപ്പെടെയുള്ളവ പോലും കൃത്യമായി 104-ാം സർവ്വേ നമ്പർ അമ്പല ഭൂമി എന്ന് വ്യക്തമാക്കിയിരിക്കുന്നു. മേലൂർ ഗ്രാമ പഞ്ചായത്തിലെ നടപടിക്രമങ്ങളുടെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റിയുടെ ഭൂമി ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവും നിലനിൽക്കുന്നുണ്ട്.
സമീപത്തെ നരസിംഹമൂർത്തി ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചതായുള്ള പരാതിയിൽ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി നോട്ടീസ് നൽകിയിരിക്കുകയാണ്. മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ചാണക്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്തർ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാർച്ച് 15ന് കോടതിയിൽ ഹാജരാകാൻ തൃശൂർ ജില്ലാ കോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ദേവസ്വത്തിൻറെ ഭൂമി കയ്യേറിയത് അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.