മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. പതിനാറ് വർഷമായി പരിചയമുള്ള വ്യക്തിയാണെന്നും, സോളിസിറ്റർ ജനറലിനെ സമീപിക്കാനും ഹർജിക്കാരനായ അഡ്വ. അലോക് ശ്രീവാസ്തവയ്ക്ക് നിർദേശം നൽകി. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുക്കേസ് പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ ലണ്ടനിലെ കോടതി മാർക്കണ്ഡേയ കട്ജുവിനെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്തമായ വിചാരണ ലഭിക്കില്ല തുടങ്ങി കട്ജു ഉയർത്തിയ വാദമുഖങ്ങൾ തള്ളിയിരുന്നു. ഇന്ത്യൻ ജുഡിഷ്യറിയെ താഴ്ത്തിക്കെട്ടാൻ കട്ജു ശ്രമിച്ചെന്നാണ് അഡ്വ. അലോക് ശ്രീവാസ്തവയുടെ പരാതി. നീരവ് മോദി ഇന്ത്യയിൽ മാധ്യമ വിചാരണ നേരിടുന്ന വ്യക്തിയാണെന്നും, നീതിയുക്തവും സ്വതന്ത്രവുമായ വിചാരണ ലഭിക്കില്ലെന്നും കട്ജു വാദമുഖങ്ങൾ ഉയർത്തിയിരുന്നു. ഇന്ത്യൻ ജുഡിഷ്യറി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടെന്നും, അഴിമതിയാണെന്നും ആരോപിച്ചു. ബിജെപി സർക്കാർ നീരവ് മോദിയെ ബലിയാടാക്കാൻ നോക്കുകയാണെന്നും കുറ്റപ്പെടുത്തി.