യുവതിയെ പടക്കമെറിഞ്ഞ് വീഴ്ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയ പ്രതികളുടെ ജാമ്യം തള്ളി

8

യുവതിയെ പടക്കമെറിഞ്ഞ് വീഴ്ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയ പ്രതികളുടെ ജാമ്യം തള്ളി. കാട്ടൂർകടവിൽ നന്തിലത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ (43) കൊലപ്പെടുത്തിയ കേസിലെ 5,6 പ്രതികളായ കാട്ടൂർ പൊഞ്ഞനം പള്ളിച്ചാടത്ത് ശ്രീവൽസൻ (38), താണിശേരി കല്ലട കുമ്മംകണ്ടത്ത് ഷാനവാസ് (44) എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി അജിത്കുമാർ തള്ളിയത്‌.
മാർച്ച് 14ന് രാത്രി 8.45ന് കാട്ടൂർകടവിൽ ലക്ഷ്മിയും ഭർത്താവും താമസിക്കുന്ന വാടകവീടിനു സമീപമാണ്‌ സംഭവം. ലക്ഷ്മിയുടെ ഭർത്താവ്‌ ഹരീഷിനോടുള്ള വിരോധം നിമിത്തമാണ് ഒന്നാംപ്രതി ദർശൻകുമാറും മറ്റു മൂന്ന് പ്രതികളും ചേർന്ന് യുവതിയെ ആക്രമിച്ചത്. ശ്രീവൽസന്റെ വീട്ടിൽ‌ വെച്ചാണ് എല്ലാ പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. യുവതിയെയും കൂടെയുണ്ടായിരുന്ന ബന്ധു അഭിനന്ദിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. റിമാൻഡിലായ പ്രതികളുടെ ജാമ്യം മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. വനിതയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ ഡി ബാബുവിന്റെ വാദങ്ങൾ പരിഗണിച്ചാണ് ജാമ്യം തള്ളിയത്.